മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുമ്പോള്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്.തോറ്റ മണ്ഡലത്തില്‍ തന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കമല്ഹാസന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാല്‍ കോയമ്പത്തൂര്‍ മണ്ഡലം സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്.ഡിഎംകെ നേതൃത്വം നല്കുന്ന സഖ്യത്തില്‍ ചേരാനും അദ്ദേഹം ശ്രമിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഈ വേളയിലാണ് ഡിഎംകെ സഖ്യത്തിലുള്ള സിപിഎം തടസമാകുക. സിറ്റിങ് സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് തമിഴ്നാട് സിപിഎം സെക്രട്ടറി കെ ബാലകൃഷ്ണന് ഏഷ്യാനെറ്റിനോട് പറഞ്ഞു.അതെ സമയം ഡിഎംകെ നേതൃത്വം നല്കുന്ന മുന്നണിയുടെ ഭാഗമാണ് സിപിഎം, കോണ്‍ഗ്രസ്, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളെല്ലാം. കോയമ്പത്തൂര്‍ മണ്ഡലത്തില്‍ 2019ല്‍ ജയിച്ചത് സിപിഎം സ്ഥാനാര്‍ഥി പിആര്‍ നടരാജനാണ്.
മറ്റൊന്ന്,കോയമ്പത്തൂരിന് പുറമെ മധുര മണ്ഡലത്തിലും മല്‍സരിച്ചത് സിപിഎം തന്നെയായിരുന്നു. തിരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായി ഡിഎംകെ അനുവദിച്ച രണ്ട് മണ്ഡലങ്ങളും വിട്ടുകൊടുക്കില്ല എന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരിലും മധുരയിലും സിപിഎം തന്നെ മല്‍സരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്ഹാസന് ജനവിധി തേടിയത്. ചെന്നൈയില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തി കമല്ഹാസന് കോയമ്പത്തൂര്‍ സൗത്ത് തിരഞ്ഞെടുത്തത്. 1540 വോട്ടുകള്‍ക്ക് ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്ഹാസന് തോല്‍ക്കുകയായിരുന്നു.
അതെ സമയം തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കമല്ഹാസന് കോണ്‍ഗ്രസുമായും ഡിഎംകെയുമായും വളരെ അടുപ്പത്തിലാണ്. അദ്ദേഹം ഡിഎംകെയുടെ മുന്നണിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കമല്ഹാസന് മുന്നണിയിലെത്തുന്നതില് ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ കോയമ്പത്തൂര്‍ മണ്ഡലം വിട്ടുകൊടുക്കില്ല എന്നാണ് സിപിഎം വ്യക്തമാക്കുന്നത്. കോയമ്പത്തൂരില്‍ മല്‍സരിക്കുമെന്ന് കമല്‍ സൂചിപ്പിച്ച പിന്നാലെയാണിത്.