മന്ത്രിയുടെ വിജയാഘോഷയാത്രക്കായി വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കില്‍പ്പെട്ട് എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്ദ്പൂര്‍ ജില്ലയിലെ കല്യാണ്‍ദുര്‍ഗിലാണ് സംഭവം. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഉഷ ശ്രീചരണിന്റെ വിജയാഘോഷ യാത്ര കടന്നുപോവാനായി പൊലീസ് വാഹനം തടഞ്ഞിരുന്നു. ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്.
ആന്ധ്ര സ്വദേശികളായ ഗണേഷിന്റേയും ഈശ്വരമ്മയുടേയും കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഗണേഷ് ആദ്യം ആംബുലന്‍സ് വിളിച്ചെങ്കിലും മന്ത്രിയുടെ ഘോഷയാത്രയുള്ളതിനാല് എത്തിയില്ല. തുടര്‍ന്ന് ഓട്ടോയില്‍ പോവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് വാഹനം തടഞ്ഞിട്ടത്. ഒടുവില്‍ ഇരുചക്രവാഹനത്തില്‍ കുഞ്ഞിനെ കല്യാണ്‍ദുര്‍ഗിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മന്ത്രിയുടെ ഘോഷയാത്രമൂലം ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകീട്ട് കല്യാണ്‍ദുര്‍ഗിലെ അംബേദ്കര്‍ പ്രതിമക്ക് സമീപം കൈക്കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന ജാഥയെ പൊലീസ് സഹായിച്ചെന്ന് ടിഡിപി നേതാവും മുന്‍ മന്ത്രിയുമായ കലവ ശ്രീനിവാസുലു ആരോപിച്ചു.