അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നടി ശ്വേത മേനോനും രാജി വച്ചു. വിജയ് ബാബുവിനെതിരായ പരാതിയില്‍ നടപടി യെടുക്കാത്തതില് പ്രതിഷേധിച്ചാണ് രാജി . ശ്വേതക്ക് പിന്നാലെ കുക്കു പരമേശ്വരനും രാജി വച്ചു.
ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കൗണ്‍സലില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നായിരുന്നു ശ്വേത മേനോന് അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ നല്‍കിയിരുന്നത്. ഇത് അംഗീകരിക്കുന്നതിന് പകരം, വിജയ് ബാബുവില്‍ നിന്ന് കത്തെഴുതി വാങ്ങി, ‘അമ്മ’ എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
കഴിഞ്ഞ ദിവസം മാലാ പാര്‍വതിയും അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും രാജി വച്ചിരുന്നു. ഐസിസിയില്‍ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കും എന്ന് അറിയിച്ചിട്ടുണ്ടെന്ന് മാലാ പാര്‍വതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘അമ്മ’ പുറത്തിറക്കിയ പ്രെസ് റിലീസ് കണ്ടതില്‍ പിന്നെയാണ് തീരുമാനം.