കോളിവുഡിലെ പ്രമുഖ ബാനറായ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടന് ശിവകാര്ത്തികേയന്. പ്രതിഫല തുകയായി നാല് കോടി രൂപ ഇനിയും ലഭിക്കാനുണ്ടെന്ന് ശിവകാര്ത്തികേയന് ആരോപിക്കുന്നു.
മിസ്റ്റര്‍ ലോക്കല്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ശിവകാര്‍ത്തികേയന്റെ പരാതി. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 15 കോടിയായിരുന്നു പറഞ്ഞുറപ്പിച്ചത്. എന്നാല്‍ 11 കോടി മാത്രമേ ഇതുവരെ നല്‍കിയിട്ടുളളു. നല്കിയ തുകയുടെ ടിഡിഎസ് അടച്ചിട്ടില്ലെന്നും ശിവകാര്ത്തികേയന് ആരോപിച്ചു. ചിയാന്‍ 61, പത്ത് തല തുടങ്ങിയ സിനിമകള്‍ക്കായി പണം മുടക്കുന്നതില്‍ നിന്ന് നിര്‍മാതാവിനെ വിലക്കണമെന്ന ആവശ്യവും ശിവകാര്ത്തികേയന് ഉന്നയിച്ചിട്ടുണ്ട്. മൂന്ന് സിനിമകള്‍ തിയേറ്റര്‍, ഒടിടി റിലീസ് ചെയ്യുന്നതില്‍ നിന്നും അവകാശം വിതരണക്കാര്‍ക്ക് കൈമാറുന്നതില്‍ നിന്നും വിലക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും.