മലയാളികൾക്ക് സുപരിചിതയായ നടിയാണ് സീനത്ത്. നാടകത്തിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്. ചെറിയ റോളുകളിൽ തുടങ്ങി പടിപടിയായി ഉയർന്ന് മികച്ച സ്വഭാവ വേഷങ്ങൾ ചെയ്താണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. പ്രേക്ഷകശ്രദ്ധ നേടിയ ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തൻറെ പോസ്റ്റിനു താഴെ വന്ന മോശം കമൻറുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. കടുത്ത പ്രതികരണം ആണ് താരം നടത്തിയത് താരത്തിൻ്റെ പോസ്റ്റിലൂടെ.
വിവരദോഷം ഒരു കുറ്റമല്ല. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഒരുപാട് വൃത്തികെട്ട അസഹനീയമായ കമൻറുകൾ ആണ് അതിൽ വന്നത്. ഇത്തരക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. എങ്കിലും പറയുകയാണ്. ഒരു സംശയവും വേണ്ട സ്വന്തം വീട്ടിലെ സംസ്കാരം തന്നെയാണ് ഇവരൊക്കെ പുറത്ത് പ്രകടിപ്പിക്കുന്നത്. ഇത്തരക്കാരുടെ കാഴ്ചപാടും ഭാഷയും എല്ലാം ഒന്നായിരിക്കും. എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ സ്ത്രീകളെ വന്ന് അശ്ലീലം പറയുക. പുരുഷനെ രാജ്യദ്രോഹികളും തീവ്രവാദികളും ആക്കുക.
സ്ത്രീകളോട് അശ്ലീലം പറഞ്ഞാൽ അവർ വിചാരിക്കുന്നത് കേൾക്കുന്നവർക്ക് നാണക്കേട് എന്നാണ്. അവരറിയുന്നില്ല ഇത് കാണുന്ന ജനങ്ങൾ അവരെ തന്നെയാണ് വിലയിരുത്തുന്നത് എന്ന്. ഇവരുടെയൊക്കെ വീട്ടിൽ സ്ത്രീകളുണ്ടാകും അല്ലേ. ഒരു കാര്യം ഉറപ്പാണ് സ്വന്തം വീട്ടിലെ സ്ത്രീകളെ ബഹുമാനിക്കുന്നവർക്കെ പുറത്തുള്ള സ്ത്രീകളെ ബഹുമാനിക്കാൻ പറ്റൂ. അല്ലാത്തവർ ഇതു പോലെ പുലമ്പി കൊണ്ടേയിരിക്കും. ഇത് കേരളമാണ് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാട്. ആർക്കും ആരോടും അഭിപ്രായം പറയാം. എന്നാൽ വീണ്ടും പറയുന്നു ഇത് കേരളമാണ്.
സ്ത്രീകളോട് അതിരുകടന്ന് ഉള്ള അശ്ലീലം പറച്ചിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. പിന്നെ ഞാൻ എവിടെയും ഒരു പ്രത്യേക മതത്തിനെ നന്നാക്കാനും മറ്റുള്ള മതക്കാരെ മോശക്കാർ ആകാനും ശ്രമിക്കാറില്ല. കാരണം എനിക്ക് ഒരേയൊരു മതം ഉള്ളൂ അത് മനുഷ്യ മതം. ഒരേ ജാതി മനുഷ്യജാതി. എൻറെ ജന്മം സ്ത്രീജന്മം. എൻറെ നാട് കേരളം. എൻറെ രാജ്യം ഇന്ത്യ. എൻറെ രാഷ്ട്രീയം ജാതിമതങ്ങൾക്ക് അപ്പുറം. മനുഷ്യനെ മനുഷ്യനായി കാണുന്ന രാഷ്ട്രീയം. ഞാൻ കണ്ട ദൈവം പ്രകൃതി. ആ പ്രകൃതി മനുഷ്യനെ വെറുത്തു തുടങ്ങിയിരിക്കുന്നു. താരം പറഞ്ഞു. കൂടാതെ വയലാറിൻറെ ഒരു കവിതയും താരം ചേർത്തിട്ടുണ്ട്.