മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സ്ന. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ ജ്യോത്സ്ന പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കെല്ലാം ഒരു പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട് പ്രേക്ഷകര്‍. ഇപ്പോള്‍ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ജ്യോത്സ്ന. തന്റെ ആര്‍ത്തവ സമയത്തുള്ള അനുഭവം ആണ് ജ്യോത്സ്ന പങ്കുവെച്ചത്. ആ സമയത്തുള്ള തന്റെ പേടിയും, പലതില്‍ നിന്നും ഒഴിഞ്ഞ് മാറുന്നതും , മറ്റുള്ളവര്‍ അറിയരുത് എന്നുള്ള ചിന്ത ഇതേക്കുറിച്ചെല്ലാം ആണ് പോസ്റ്റില്‍ താരം സൂചിപ്പിക്കുന്നത്.
സ്വാഭാവിക ശാരീരിക പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അത്തരം ചിന്തകള്‍ മാറ്റണം എന്നും താരത്തിന്റെ പോസ്റ്റില്‍ നിന്നും വ്യക്തമാണ്. തന്റെ സ്കൂള്‍ കാലഘട്ടത്തെ ഒരു ചിത്രം പങ്കുവെച്ചാണ് ഈ കാര്യത്തെക്കുറിച്ച്
ജ്യോത്സ്ന പറഞ്ഞത്.
“ഈ ചിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എത്ര ചെറുപ്പമായിരുന്നു എന്ന വസ്തുത തിരിച്ചറിയുന്നു, അന്ന് വളരെ സാധാരണമാണെന്ന് കരുതിയ ഒരുപാട് കാര്യങ്ങളിലേക്ക് എന്റെ കണ്ണുകൾ തുറക്കുന്നു. ഷാൾ വൃത്തിയായി തോളിൽ കുത്തി ലൂസായ യൂണിഫോം ധരിച്ചു നിൽക്കുന്ന ഇതിൽ എനിക്ക് ഏകദേശം 14 വയസ്സ് പ്രായമുണ്ടായിരിക്കണം.”
“സ്പോർട്സ് ദിവസങ്ങളിൽ വെള്ള യൂണിഫോമായിരുന്നു. ആർത്തവ സമയത്ത് അത് ധരിക്കുന്നതിനുള്ള പേടി! ബെഞ്ചിൽ നിന്നും എഴുന്നേൽക്കുമ്പോഴെല്ലാം അടുത്തുള്ള പെൺ സുഹൃത്തിന്റെ ചോദ്യം വരും, “ഹേയ് ചെക്ക് നാ”, ചുവന്ന നിറത്തിലുള്ള ഡിസൈൻ വന്നിട്ടുണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കും. ആവശ്യം വന്നാൽ ഉപയോഗിക്കാൻ പാഡുകൾ ബാഗിൽ നിറക്കും. മാസത്തിലെ ആ നാല് ദിവസങ്ങളിൽ പുറത്ത് കളിക്കാൻ വരാത്ത സുഹൃത്തുക്കളുമുണ്ട്. തങ്ങൾക്ക് ആർത്തവമാണെന്ന് ആരെങ്കിലും (പ്രത്യേകിച്ച് ആൺകുട്ടികൾ) അറിയുന്നത് ലജ്ജിക്കേണ്ടതും നാണിക്കേണ്ടതുമായ കാര്യമാണെന്ന ചിന്തയായിരുന്നു കാരണം.”
“പക്ഷേ അത് അങ്ങനെ ആയിരിക്കേണ്ടതുണ്ടോ? ഒരു സാധാരണ, സ്വാഭാവിക ശാരീരിക പ്രവർത്തനത്തെക്കുറിച്ചുള്ള അത്തരം ചിന്തകൾ പതിനാലാമത്തെ വയസ്സിൽ തന്നെ ഭാരമാകേണ്ടതുണ്ടോ?”
കാര്യങ്ങൾ പതുക്കെ മാറാൻ തുടങ്ങിയത് കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലാം സാവധാനം ഉറപ്പായും മാറും. ചെറിയ പെൺകുട്ടികൾ ചെറിയ പെൺകുട്ടികളായിരിക്കട്ടെ. ആദ്യ ആർത്തവം മുതൽ അവരെ “പക്വതയുള്ളവർ” ആയി കാണരുത്. അവരുടെ പുസ്തകങ്ങളിൽ നിന്നും ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്. നിങ്ങളുടെ പെൺകുട്ടികളോടും ആൺകുട്ടികളോടും അതിനെക്കുറിച്ച് സംസാരിക്കുക. അതിനുമേലുള്ള ലജ്ജയും വിലക്കും നീക്കുക. ആർത്തവം സാധാരണമാണ്. ലളിതവും” ജ്യോത്സ്ന കുറിച്ചു.