തിരുവനന്തപുരം: ശ്രീരാമ പ്രതിഷ്ഠാ ഫെയ്സ് ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ശ്രീരാമ പ്രതിഷ്ഠ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതില്‍ തെറ്റില്ലെന്നാണ് ശശി തരൂരിന്റെ വിശദീകരിക്കുന്നത്. താന്‍ വിശ്വസിക്കുന്ന ദൈവത്തെ ബിജെപിക്ക് വിട്ടുനല്‍കില്ലെന്ന് തരൂര്‍ പ്രതികരിച്ചു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ അയോധ്യയില്‍ പ്രതിഷ്ഠ നടത്തിയ രാം ലല്ലയുടെ ചിത്രം ശശി തരൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
തരൂരിന്റെ എഫ് ബി പോസ്റ്റിനെ മന്ത്രിമാരായ മുഹമ്മദ് റിയാസും ജി ആര് അനിലും രൂക്ഷമായി വിമര്‍ശിച്ചു. തരൂരിന്റെ നിലപാട് ബിജെപി ആശയത്തോട് ഐക്യപ്പെടലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.
തീവ്ര ഹിന്ദുത്വ നിലപാടിനൊപ്പം സഞ്ചരിക്കുന്ന നേതാവാണ് തരൂരെന്ന് മന്ത്രി ജി ആര് അനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. തരൂരിന്റെ നിലപാട് മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതിനിടെ ലോഫസ്റ്റിന് തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജില്‍ എത്തിയ തരൂരിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂകി വിളിച്ചിരുന്നു.
പിന്നാലെയാണ് വിശദീകരണവുമായി തരൂര്‍ എത്തിയത്. ‘ശ്രീരാമ പ്രതിഷ്ഠ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതില്‍ തെറ്റില്ല, താന്‍ വിശ്വസിക്കുന്ന ദൈവത്തെ ബിജെപിക്ക് വിട്ടുനല്‍കില്ലെന്ന് തരൂര്‍ പ്രതികരിച്ചു.
ഹിന്ദു വിശ്വാസത്തെ കോണ്‍ഗ്രസ് അവഹേളിച്ചിട്ടില്ലെന്നും ഉദ്ഘാടനം കഴിഞ്ഞാല്‍ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.