സോഷ്യല്‍ മീഡിയയില്‍ സമ്പത്ത് വെളിപ്പെടുത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും പങ്കുവച്ച വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി. രാജസ്ഥാനിലെ ദൗസ ജില്ലയില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഒന്നാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിയായ അന്മോല് അറോറയെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ പൊലീസ് കണ്ടെത്തി.
സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ അന്മോല് വളരെ സജീവമാണ്. കയ്യില്‍ ഐഫോണ്‍ പിടിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ മുതല്‍ പണത്തിന്റെ വിഡിയോ വരെയുള്ള നിരവധി പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ അന്മോല് പോസ്റ്റ് ചെയ്തിരുന്നു. തന്റെ ബാങ്ക് അക്കൗണ്ടില്‍ ആറ് ലക്ഷം രൂപയുണ്ടെന്ന സന്ദേശത്തിന്റെ വ്യാജ സ്ക്രീന്‍ഷോട്ട് പോലും ഇയാള്‍ പങ്കുവച്ചിരുന്നു.
ഇതുകണ്ട പ്രതികള്‍ അന്മോല് ഒരു ധനികനായ വ്യവസായിയുടെ മകനാണെന്ന് തെറ്റിദ്ധരിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ ഒരു കോടി രൂപ മോചനദ്രവ്യം വാങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, അതിനുമുമ്പ് പദ്ധതി പൊളിയുകയും, പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തു. കേസില്‍ ഇനി നാല് പേര് കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.