അല്ലു അർജുൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ. സുകുമാർ ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. രശ്മിക മന്ദന ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഞ്ചു ദിവസം കഴിഞ്ഞാണ് സിനിമയുടെ റിലീസ്. അഞ്ചു ഭാഷകളിലാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോൾ ഫഹദിനെ കുറിച്ച് അല്ലു അർജുൻ പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
“ഫഹദ് ഫാസിൽ ഒരു അസാമാന്യ നടനാണ്. ഈ സിനിമയിലെ കഥാപാത്രം ഒരു സാധാരണ വില്ലൻ വേഷം അല്ല. അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഒരു മികച്ച നടൻ തന്നെ വേണം എന്നത് ഒരു ആവശ്യകത ആയിരുന്നു. ഫഹദിനെ പോലെ ഒരേസമയം മികച്ച സ്റ്റാർ വാല്യൂവും, അഭിനയമികവും ഉള്ള ഒരു ആളെ ആയിരുന്നു ഞങ്ങൾ തേടിയത്. ഞങ്ങൾ ഈ കഥാപാത്രത്തെക്കുറിച്ച് ഫഹദിനോട് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് വളരെ ഇഷ്ടമായി. അങ്ങനെയാണ് അദ്ദേഹം ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ചത്” – അല്ലു അർജുൻ പറയുന്നു.
“ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ സാധിച്ചത് എന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നു. അദ്ദേഹത്തിൻറെ ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അതിലെ പ്രകടനം എല്ലാം ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നേരിൽ കാണാൻ സാധിച്ചത് വലിയ സന്തോഷമായിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിൻറെ രീതികൾ എന്നെ ഒരുപാട് ആകർഷിച്ചു. പ്രോംപ്റ്റ് ചെയ്തു ഡയലോഗ് പറയുന്ന രീതി അദ്ദേഹത്തിന് ഇല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഭാഷ അറിയാത്ത ഒരു നടൻ അങ്ങനെ ചെയ്യുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ല. തെലുങ്ക് നല്ല രീതിയിൽ അറിയുന്ന ആളെ പോലെ ആയിരുന്നു അദ്ദേഹത്തിൻറെ സംസാരം. എനിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും അദ്ദേഹത്തോട് വലിയ ആദരവാണ് തോന്നിയത്” – അല്ലു അർജുൻ കൂട്ടിച്ചേർത്തു.
സിനിമയിലെ ചില രംഗങ്ങൾ ആദ്യം കേരളത്തിൽ വച്ച് ഷൂട്ട് ചെയ്യുവാൻ പദ്ധതിയിട്ടിരുന്നു. ആതിരപള്ളിയിൽ വച്ച് ഷൂട്ട് ചെയ്യുവാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ തീരുമാനം മാറ്റുകയായിരുന്നു. രണ്ടു ഭാഗങ്ങളിൽ ആയിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ ആദ്യ ഭാഗം മാത്രമാണ് ഡിസംബർ 17ന് റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ചെയ്യും എന്നാണ് കരുതപ്പെടുന്നത്.