അപ്രതീക്ഷിതമായി ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതോടെ ബസിന്റെ നിയന്ത്രണമേറ്റെടുത്ത യുവതിക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം. യോഗിത സാതവ് എന്ന യുവതിയാണ് ബസോടിച്ച് കൈയടിവാങ്ങിയിരിക്കുന്നത്.
ഷിരൂര്‍ എന്ന സ്ഥലത്തേക്ക് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിനോദയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു. മടക്കയാത്രയ്ക്കിടെയാണ് അവര്‍ സഞ്ചരിച്ച ബസിന്റെ ഡ്രൈവര്‍ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായത്. ഗത്യന്തരമില്ലാതെ ആര്‍ക്കും പരിചയമില്ലാത്ത ഒരു സ്ഥലത്ത് ഡ്രൈവര്‍ക്ക് വണ്ടി നിര്‍ത്തേണ്ടി വന്നു. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പരിഭ്രമിച്ചു.
ഇതിനിടെയാണ് യാത്രാസംഘത്തില്‍നിന്നുള്ള യോഗിത സാതവ് എന്ന യുവതി അവരുടെ രക്ഷകയായി എത്തിയത്. യോഗിത പത്ത് കിലോമീറ്ററോളം ദൂരം ബസ് ഓടിച്ച് യാത്രക്കാരെയെല്ലാം സുരക്ഷിതമായ സ്ഥലത്തെത്തിക്കുകയും ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാര്‍ ഓടിച്ച് പരിചയമുണ്ടായിരുന്ന യോഗിത ബസോടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ച ശേഷം യാത്രക്കാരെ സുരക്ഷിത സ്ഥലത്തെത്തിക്കുകയായിരുന്നു.