വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത് പ്രണവ് നായകനായി എത്തിയ ഹൃദയം എന്ന ഹിറ്റിന് ശേഷം പ്രണവിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഹൃദയത്തിന് ശേഷം യാത്രയിലായിരുന്നു പ്രണവ്. അടുത്തിടെ പ്രണവ് യാത്ര കഴിഞ്ഞു വന്നു എന്നും കഥകള്‍ കേട്ട് തുടങ്ങും എന്നും സംവിധായകന് വൈശാഖ് സുബ്രമണ്യന്‍ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ പ്രണവ് ചിത്രവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീറിന്റെ അടുത്ത ചിത്രത്തില്‍ പ്രണവ് നായകനാവുന്നുവെന്നായിരുന്നു ഒരു റിപ്പോര്‍ട്ട്.
ഇപ്പോഴിത ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഷാഹി കബീര്‍. തന്റെ ചിത്രത്തില്‍ പ്രണവായിരിക്കും നായകനെന്ന റിപ്പോര്‍ട്ട് ഷാഹി കബീര്‍ തള്ളി. സിനിമാ എക്സ്പ്രസിനോടാണ് ഷാഹി കബീറിന്റെ പ്രതികരണം.
‘പ്രണവിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്കിഷ്ടമാണ്. പക്ഷെ താന്‍ അദ്ദേഹത്തോട് ഇതുവരെ ഒരു ചര്‍ച്ചകളും നടത്തിയിട്ടില്ല. എന്റെ അടുത്ത ചിത്രം സാധ്യമാക്കാനുള്ള ശ്രമത്തിലാണ്, അതൊരു മോഹ പദ്ധതിയാണ്’, ഷാഹി കബീര്‍ പറഞ്ഞു.
യഥാര്‍ത്ഥ ജീവിതത്തില്‍ പൊലീസുകാരനാണ് ഷാഹി കബീര്‍. പോലീസ് ചിത്രങ്ങളാണ് ഷാഹി കബീര്‍ കൂടുതലും ചെയ്തിരിക്കുന്നത്. ജോസഫ്, നായാട്ട് എന്ന ചിത്രങ്ങള്‍ക്കാണ് ഷാഹി കബീര്‍ തിരക്കഥയൊരുക്കിയത്. ഇലവിഴാപൂഞ്ചിറയിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ഈ ചിത്രവും കുറച്ച് പൊലീസുകാരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു.