നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്തേക്കും. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. ദിലീപിന് പുറമേ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, പള്‍സര്‍ സുനി തുടങ്ങിയവരേയും ചോദ്യം ചെയ്യാനാണ് തീരുമാനം.
ചോദ്യം ചെയ്യലിനുള്ള നോട്ടിസ് നല്കി അടുത്ത ദിവസം തന്നെ എല്ലാവരേയും വിളിച്ചു വരുത്താനാണ് തീരുമാനം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ഈ മാസം ഇരുപതിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിചാരണ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതിനിടെ
കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സി.ജെ.എം കോടതിയിലാണ് അപേക്ഷ നല്‍കിയത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ഏതെങ്കിലും മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്ന ആവശ്യമാണ് അന്വേഷണ സംഘം ഉയര്‍ത്തിയിട്ടുള്ളത്. ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോണ്‍, പെന്‍ ഡ്രൈവിലാക്കി നല്കിയ വിവരങ്ങള്‍ എന്നിവ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് കോടതിക്ക് സമര്‍പ്പിച്ചിരുന്നു.
നടന് ദിലീപിനെതിരെ ഗുരുതര ആരോപണമായിരുന്നു സംവിധായകന് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചത്. കേസിലെ മുഖ്യപ്രതി സുനില്‍കുമാറുമായി ദിലീപിന് അടുത്ത ബന്ധമാണുള്ളതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.