തെന്നിന്ത്യന്‍ താരം സൂര്യയുടെ പിറന്നാള്‍ ആഘോമാക്കി സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെതിരെ നടപടി. ബലൂണും പോസ്റ്ററും കെട്ടി സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെ പിടികൂടി പിഴയടപ്പിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ചവറ കൊട്ടിയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിനെയാണ് പൊലീസ് പിടികൂടിയത്.
സൂര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ബസിന് മുന്നില്‍ ബലൂണുകളും പോസ്റ്ററും പതിപ്പിച്ചാണ് ബസ് സര്‍വീസ് നടത്തിയത്. ഡ്രൈവറുടെ സൈഡിലെ ഗ്ലാസ് മറയ്ക്കുന്ന രീതിയിലാണ് വാഹനത്തില്‍ ബലൂണുകളും ഹാരവും കിടന്നിരുന്നത്. വാഹനത്തിന്റെ ഇടതു ഭാഗം പൂര്‍ണമായും കാണാന്‍ സാധിക്കാത്ത നിലയിലായിരുന്നു. വാഹനത്തിന്റെ അപകടകരമായ യാത്ര ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ കൊല്ലം സിറ്റി ട്രാഫിക് എസ്ഐ എം ഷഹാലുദ്ദീന്‍ താലൂക്ക് കച്ചേരിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് സംഘത്തിന് നിര്‍ദേശം നല്കി വാഹനം പിടികൂടുകയായിരുന്നു.
വാഹനത്തിന്റെ മുന്നിലെ ഗ്ലാസില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററും ബലൂണുകളും ട്രാഫിക് എസ്ഐ നേരിട്ട് എത്തി നീക്കം ചെയ്തു. ഒപ്പം അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയതിനു പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടു നല്‍കിയത്.