കെ റെയില്‍ സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതികരണവുമായി ഡിജിപി അനില്‍കാന്ത്. പൊലീസിന്റെറ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡിജിപി നിര്‍ദേശിച്ചു. സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി. സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗം വിവാദമായ സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി.
അതേസമയം മടപ്പള്ളിയിലെ കെ റെയില്‍ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്.
അതിനിടെ കെറെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള പൊലീസ് അതിക്രമം പാര്‍ലമെന്റില്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന് എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി. ജനങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന് വ്യക്തമാക്കി.