എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതി ജിതിന്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയില്‍ എടുത്തു

എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പ്രതി ജിതിന്‍ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴക്കൂട്ടത്ത് നിന്നാണ് ഡിയോ സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്.

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ പ്രധാനപ്പെട്ട തെളിവായിരുന്നു സ്‌കൂട്ടര്‍. പ്രതി ജിതിന് ഗൗരീശപ്പട്ടം ആശുപത്രിക്ക് സമീപത്തേക്ക് സ്‌കൂട്ടര്‍ എത്തിച്ചത് വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നത് ഏറെ ചര്‍ച്ചയായിരുന്നു. യുവതിയും മറ്റൊരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നിലവില്‍ ഒളിവിലാണ്. ഇവരെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കും.

കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതി എന്ന തരത്തിലുള്ള വാര്‍ത്തകളോട് ആദ്യം കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീടാണ് ജിതിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നത്. ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്താന്‍ കൃത്യമായ സൂചനകള്‍ ഏകദേശം രണ്ടാഴ്ച മുമ്പ് തന്നെ പൊലീസിന് ലഭിച്ചിരുന്നു.