അട്ടപ്പാടി മധുകേസില്‍ ഒരുസാക്ഷി കൂടി കൂറുമാറി. പതിനാലാം സാക്ഷി ആനന്ദനാണ് കോടതിയില്‍ മൊഴി മാറ്റിയത്. കേസില്‍ കൂറുമാറുന്ന നാലാമത്തെ സാക്ഷിയാണ് ആനന്ദന്. കേസില്‍ പന്ത്രണ്ടാം സാക്ഷിയായ വനംവകുപ്പ് വാച്ചര്‍ അനില്‍ കുമാര്‍ കഴിഞ്ഞ ദിവസമാണ് കൂറുമാറിയത്.
മധുവിനെ അറിയില്ലെന്നായിരുന്നു അനില്‍ കുമാര്‍ കോടതിയെ അറിയിച്ചത്. പൊലീസിന്റെ നിര്‍ബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നല്‍കിയതെന്നും അനില്‍കുമാര്‍ പറഞ്ഞിരുന്നു. കേസില്‍ പത്തും പതിനൊന്നും സാക്ഷികളാണ് നേരത്തേ കൂറുമാറിയത്.
പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന് ചുമതലയേറ്റശേഷം കഴിഞ്ഞ ദിവസമാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്. സി രാജേന്ദ്രന് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയായിരുന്നു രാജേഷ് എം മേനോന്റെ നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
2018 ഫെബ്രുവരി 22നാണ് ഒരു സംഘം ആളുകള്‍ മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ വിചാരണ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.+