നഗ്നഫോട്ടോഷൂട്ട് വിവാദത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി പൊലീസ്. പ്രചരിച്ച ഒരു ചിത്രം മോര്‍ഫ് ചെയ്തതാണെന്നാണ് രണ്‍വീര്‍ സിംഗിന്റെ വാദം. ഫോട്ടോയില്‍ കാണുന്ന തരത്തിലല്ല തന്റെ ചിത്രം ഷൂട്ട് ചെയ്തതെന്നാണ് രണ്‍വീര്‍ സിംഗ് പറയുന്നത്. ഓഗസ്റ്റ് 29നാണ് രണ്‍വീറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത് ഇപ്പോഴാണ്. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
രണ്‍വീറിന്റെ നഗ്ന ഫോട്ടോകള്‍ പൊലീസ് കാണിച്ചിരുന്നു. അതില്‍ സ്വകാര്യ ഭാഗങ്ങള്‍ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നാണ് രണ്‍വീര്‍ പറയുന്നത്. അമേരിക്കന്‍ നടനായ ബട്ട് റേനള്‍ഡിന്റെ പ്രസിദ്ധമായ ചിത്രം പുനരാവിഷ്കരിക്കാനുള്ള ശ്രമത്തില്‍ നിലത്ത് നഗ്നനായി ഇരിക്കുന്ന ചിത്രം രണ്‍വീര്‍ പുറത്തുവിട്ടിരുന്നു. ഇത് മോര്‍ഫ് ചെയ്ത് പ്രചരിച്ചതായാണ് ആരോപണം.
ജൂലൈയില്‍ ഒരു മാഗസിന് വേണ്ടിയായിരുന്നു രണ്‍വീര്‍ നഗ്നഫോട്ടോഷൂട്ട് നടത്തിയത്. ഇതിന് പിന്നാലെ നടനെതിരെ പരാതി ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 292, 294 വകുപ്പുകളും ഐടി നിയമത്തിന്റെ 509, 67 (എ) വകുപ്പുകളും പ്രകാരം ചെമ്പൂര് പൊലീസാണ് കേസെടുത്തത്. തുടര്‍ന്ന് രണ്‍വീറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. രണ്ടു മണിക്കൂര്‍ നേരമെടുത്താണ് മൊഴിയെടുത്തത്. എല്ലാ ചോദ്യങ്ങള്‍ക്കും നടന് ഉത്തരം നല്‍കിയെന്നും ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.