ബര്‍മിംഗ്ഹാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് നീരജ് ചോപ്രയെ ഒഴിവാക്കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ ഉണ്ടായ പരുക്കാണ് നീരജിന് തിരിച്ചടിയായത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു നീരജ്.
ഞായറാഴ്ച ഒറിഗോണില്‍ 88.13 മീറ്റര്‍ എറിഞ്ഞ് നീരജ് വെള്ളി മെഡല്‍ നേടിയിരുന്നു. ഫൈനലിലെ നാലാം ശ്രമത്തിന് ശേഷം തുടയില്‍ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതിന് ശേഷം, ചോപ്ര തിങ്കളാഴ്ച എംആര്‍ഐ സ്കാന്‍ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നീരജിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ടോക്കിയോ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ് നീരജ്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ പീറ്റേഴ്സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നീരജ് സ്വര്‍ണം നേടിയത്.