ആഷിഖ് അബു ചിത്രം നാരദന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിന് ലോക വ്യാപകമായി ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു അറിയിച്ചു.
നേരത്തേ ജനുവരി 27നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. കൊവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വ്യാപനവും മുന്‍നിര്‍ത്തി റിലീസ് തീയതി മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്.
മായാനദി, വൈറസ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ആഷിഖ് അബുവും ടോവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നാരദന്. മിന്നല്‍ മുരളിക്ക് ശേഷം ടോവിനോ തോമസ് നായകനായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് നാരദന്. സമകാലിക മാധ്യമ ലോകത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നതാണ് നാരദന് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടോവിനോ സിനിമയിലെത്തുന്നത്.
അന്ന ബെന്നാണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയരാഘവന്, ജോയ് മാത്യു, രഞ്ജി പണിക്കര്‍, രഘുനാഥ് പാലേരി, ദീപന് ശിവരാമന്, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.