പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കടുവയില്‍ നിന്ന് രക്ഷിച്ച് അമ്മ. മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ റൊഹാനിയ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ മാള ബീറ്റിന് സമീപത്താണ് കടുവ കുഞ്ഞിനെ കടിച്ചെടുത്തത്. ഇതുകണ്ട അമ്മയായ അര്‍ച്ചന ചൗധരി ആദ്യം പേടിച്ചെങ്കിലും കടുവയോട് പൊരുതി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
കടുവയുടെ താടിയെല്ലില്‍ പിടിച്ചാണ് കുഞ്ഞിനെ 25 കാരിയായ അമ്മ രക്ഷപ്പെടുത്തിയത്. മല്‍പ്പിടുത്തത്തിനിടയില്‍ അര്‍ച്ചനയ്ക്കും പരുക്കേറ്റു. അര്‍ച്ചനയുടെ കരച്ചിലും കടുവയുടെ അലര്‍ച്ചയും കേട്ട് ഗ്രാമവാസികളും ഈ സമയത്ത് അവിടെയെത്തി. ആള്‍ക്കൂട്ടം കണ്ടപ്പോള്‍ കടുവ കുട്ടിയെയും ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി.
പരുക്കേറ്റ അര്‍ച്ചനയേയും കുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും വനമേഖലയില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.