അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്കി. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയത്. പലരുടേയും സ്വാധീനവും പ്രലോഭനവും ആണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയതെന്നും ചിലര്‍ ഭീഷണിക്ക് വഴങ്ങിയെന്നും പരാതിയില്‍ പറയുന്നു.
അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കഴിഞ്ഞദിവസം കൂറു മാറിയിരുന്നു. 18ാം സാക്ഷി കാളി മൂപ്പന് ആണ് കൂറു മാറിയത്. ഇയാള്‍ വനം വകുപ്പ് വാച്ചറാണ്. ഇതോടെ കേസില്‍ മൊഴി മാറ്റിയവരുടെ എണ്ണം 8 ആയി.കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള രഹസ്യമൊഴി നല്കിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇവരില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്.
2018 ഫെബ്രുവരി 22നാണ് ഒരു സംഘം ആളുകള്‍ മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ വിചാരണ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.