അടുത്തിടെ മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം വളരെയധികം സ്വീകരിക്കപ്പെട്ടിരുന്നു. ദുൽഖർ സൽമാനും പൃഥ്വിരാജിനൊപ്പം നിൽക്കുന്ന ഫോട്ടോ ആയിരുന്നു മോഹൻലാൽ പങ്കുവെച്ചത്. എന്നാൽ ഈ ഫോട്ടോ എവിടെ നിന്നാണ് എടുത്തത് എന്നും ഏതു പരിപാടിക്കിടെ ആണ് മൂവരും കണ്ടുമുട്ടിയത് എന്നും ഇപ്പോഴും വ്യക്തമല്ല. ഇതിനെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ പരക്കുന്നുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ രണ്ടാം ഭാഗം എമ്പുരാനിൽ ദുൽഖർ സൽമാനും എത്തുന്നു എന്നതാണ് ഏറ്റവും ശക്തമായ ഒരു അഭ്യൂഹം. എന്നാൽ ഇത് പ്രേക്ഷകരുടെ ഒരു ആഗ്രഹം എന്നതിനപ്പുറത്തേക്ക് അടിസ്ഥാനമുള്ള ഒരു വാർത്തയായി കാണാൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത് മറ്റൊരു ചോദ്യമാണ്. ആരാണ് ഈ വൈറൽ ഫോട്ടോ എടുത്തത്?
ടോവിനോ തോമസ് ആണ് ഈ ചിത്രത്തിന് പിന്നിലെ ആ സൂപ്പർ താരം എന്നാണ് ഇപ്പോൾ ആരാധകരുടെ കണ്ടെത്തൽ. പുറകിൽ കാണുന്ന കണ്ണാടിയിൽ ദൃശ്യമാകുന്ന വ്യക്തി സൂപ്പർതാരം ടോവിനോ തോമസ് ആണ് എന്നാണ് ആരാധകരുടെ അവകാശവാദം. ടോവിനോയുമായി വളരെയധികം രൂപസാദൃശ്യമുള്ള മുഖമാണ് കണ്ണാടിയിൽ ഉള്ളത് എന്നും, അതിനാൽ ഇത് ടോവിനോ തന്നെ ആകാനാണ് സാധ്യത എന്നും അഭ്യൂഹങ്ങൾ നീളുന്നു. സത്യം അറിയുന്നതിനു വേണ്ടി പലരും ഫോട്ടോയ്ക്ക് താഴെ ടോവിനോയെ ടാഗ് ചെയ്തുകൊണ്ട് ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ ഇതിനെ സംബന്ധിച്ച് ടോവിനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആടുജീവിതം ആണ് പൃഥ്വിരാജ് നിലവിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രം. ബ്ലെസ്സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ ചർച്ചചെയ്യുന്ന കുറുപ്പ് ആണ് ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം.