സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല. എം. ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്സൈസും തന്നെയായിരിക്കും. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല.
സ്പീക്കര്‍ പദവി രാജിവച്ച എം ബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സഗൗരവമായിരുന്നു എം ബി രാജേഷിന്റെ സത്യപ്രപതിജ്ഞ. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം. വി ഗോവിന്ദന് രാജിവച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
സ്പീക്കര്‍ പദവി രാജിവച്ച എം.ബി.രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിച്ചിരുന്നു. എം.വി ഗോവിന്ദന് കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കുമെന്നാണ് വിവരം. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എം. ബി രാജേഷ് സത്യപ്രതിജ്ഞ ചടങ്ങിന് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തിയത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താലയില്‍ നിന്നാണ് എം.ബി രാജേഷ് സഭയിലെത്തിയത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എം.ബി രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ലും 2014ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.