ഭീകര സംഘടനയായ അല്‍ ഉമര്‍ മുജാഹിദ്ദീന്‍ സ്ഥാപകനും ചീഫ് കമാന്‍ഡറുമായ മുഷ്താഖ് അഹമ്മദ് സര്ഗാരിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. യുഎപിഎ നിയമ പ്രകാരമാണ് നടപടി. 1999 ല്‍ ഐസി-814 വിമാനം റാഞ്ചിയ സംഭവത്തില്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ തടവില്‍ നിന്ന് മോചിപ്പിച്ച മൂന്ന് ഭീകരരില്‍ ഒരാളാണ് ഇയാള്‍.
ജമ്മു കശ്മീര്‍ സ്വദേശിയായ മുഷ്താഖിന് ഇപ്പോള്‍ 52 വയസാണ് പ്രായം. സര്‍ഗാര്‍ സ്ഥാപിച്ച അല്‍ ഉമര്‍ മുജാഹിദ്ദീന്‍ സംഘടനയെ നേരത്തെ തന്നെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീര്‍ വിഘടന വാദ മുന്നണിയുടെ ഭാഗമാണ് സര്‍ഗര്‍ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ കുറ്റപ്പെടുത്തുന്നു.
യാസിന് മാലിക്കിന്റെ നേതൃത്വത്തിലുള്ള വിഘടന വാദ ശക്തികളുടെ മുന്നണിക്കാരനായ ഇയാള്‍ മുന്‍പ് പാകിസ്താനിലേക്ക് പോയി സായുധ പരിശീലനം നേടിയിരുന്നു. കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഭീകരാക്രമണ ഗൂഢാലോചന, ഭീകരാക്രണം, ഭീകരാക്രമണ ധന ശേഖരണം തുടങ്ങി വിവിധ കുറ്റങ്ങള്‍ ചുമത്തി നിരവധി കേസുകള്‍ സര്‍ഗറിനെതിരെ നിലവിലുണ്ട്.