പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിവാഹം ചെയ്താല്‍ പോക്സോ കുറ്റങ്ങളില്‍ നിന്ന് രക്ഷ നേടാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാരണത്താല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന്റെ ജാമ്യാപേക്ഷ പരിഗണക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച ശേഷം വിവാഹം ചെയ്യുകയും പിന്നീട് കുട്ടി ജനിക്കുകയും ചെയ്തു. ആ കുട്ടിക്ക് ആറ് മാസം പ്രായമുള്ളപ്പോള്‍ വീണ്ടും പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമമാണെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
2019-ല്‍ ജൂലൈ ഒമ്പതിന് മകളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. കേസില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ഏറെ കാലം വിവരമൊന്നുമില്ലാതിരുന്ന കേസില്‍, 2021 ഒക്ടോബര്‍ ആറിനാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഹര്ജിക്കാരന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഒരു ക്ഷേത്രത്തില്‍വച്ച് വിവാഹം കഴിച്ചെന്ന് കണ്ടെത്തിയിരുന്നു.