പത്തനംതിട്ടയില്‍ ആള്‍മാറാട്ടം നടത്തി മകന് അമ്മയെ അഗതി മന്ദിരത്തിലാക്കി. അടൂരാണ് സംഭവം നടന്നത്. വഴിയോരത്ത് കിടന്ന വയോധികയെന്ന പേരിലാണ് മകന് അമ്മയെ അഗതി മന്ദിരത്തിലാക്കിയത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി അജികുമാറിനെതിരെ മഹാത്മ ജനസേവാകേന്ദ്രത്തിലെ അധികൃതര്‍ പൊലീസില്‍ പരാതി നല്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് മിത്രപുരം ഭാഗത്ത് വഴിയരികില്‍ ഒരു വയോധികയെ കണ്ടെത്തിയെന്ന് പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചത്. അടൂര്‍ പൊലീസ് സ്ഥലത്തെത്തി. ബിജു എന്നാണ് ഇയാള്‍ സ്വയം പൊലീസിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് വഴിയില്‍ കിടന്ന വയോധികയാണെന്നും സംരക്ഷിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസാണ് വയോധികയെ അടൂര്‍ മഹാത്മ ജനസേവാ കേന്ദ്രത്തിലെത്തിച്ചത്.
തൊട്ടടുത്ത ദിവസം ബിജു എന്ന് പരിചയപ്പെടുത്തിയാള്‍ മഹാത്മ ജനസേവ കേന്ദ്രത്തില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി. സംശയം തോന്നിയ ജനസേവ കേന്ദ്രം പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയതാണെന്നും സ്വന്തം അമ്മയെ തന്നെയാണ് അഗതി മന്ദിരത്തില്‍ ഉപേക്ഷിച്ചതെന്നും കണ്ടെത്തിയത്. പൊലീസ് എത്തി വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ബിജു അല്ല അജികുമാറാണെന്ന് സമ്മതിച്ചു.
അമ്മയെ സംരക്ഷിക്കാന്‍ ഭാര്യ തയ്യാറാകാത്തത് കൊണ്ടാണ് നാടകീയമായി അഗതി മന്ദിരത്തിലെത്തിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഭാര്യയേയും മക്കളേയും നേരത്തേ ഉപേക്ഷിച്ചതാണെന്ന് വ്യക്തമായി. മറ്റൊരു സ്തീക്കൊപ്പം പന്തളത്താണ് നിലവില്‍ താമസം.