സ്വര്‍ണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്കിയ ആള് പിടിയില്‍. അമൃത്സര്‍ സ്വദേശി സച്ചിന് ദാസാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിലായത്. സ്പേസ് പാര്‍ക്കിലെ ജോലിക്കായാണ് ഇയാള്‍ സ്വപ്നക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയത്.
ഡല്‍ഹിയിലെ ദാദാസാഹിബ് അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ സ്വപ്നാ സുരേഷുമായുള്ള ബന്ധമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, രാജ്യത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്കുന്ന വലിയൊരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.