മകന്റെ വളര്‍ത്തുനായയുടെ കടിയേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ കൈസര്‍ബാഗ് ഏരിയയിലാണ് സംഭവം. സുശീല ത്രിപാഠി എന്ന 82കാരിയാണ് മരിച്ചത്. മകനും ജിം പരിശീലകനുമായ മകന് അമിതിന്റെ വളര്‍ത്തുനായയായ പിറ്റ്ബുള്ളിന്റെ കടിയേറ്റാണ് സുശീല കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ഈ സമയം സുശീല വീട്ടില്‍ തനിച്ചായിരുന്നു. നായ്ക്കള്‍ കുരയ്ക്കുന്നതും സഹായത്തിനായി സുശീല നിലവിളിക്കുന്നതും കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട് അകത്ത് നിന്ന് പൂട്ടിയിരുന്നു. ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് മകന് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് കടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നായയുടെ കടിയേറ്റ് അമിതമായി രക്തം പോയതാണ് മരണകാരണം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുശീലയുടെ ശരീരത്തില്‍ കഴുത്ത് മുതല്‍ വയറുവരെ 12 മാരകമായ മുറിവുകളുണ്ടായിരുന്നു. ബ്രൗണി എന്ന് പേരുള്ള പിറ്റ്ബുള്ളിന്റെ കടിയേറ്റാണ് സുശീല മരിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് അമിത് ഈ നായയെ വാങ്ങിയത്. കൈസര്‍ബാഗിലെ ബംഗാളി തോല ഏരിയയിലാണ് അമിത്തും സുശീലയും താമസിച്ചിരുന്നത്.