കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി.
മൃഗങ്ങള്‍ക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങള്‍ക്ക് ദേശീയ നായകന്മാരുടെ പേര് നല്‍കുമോയെന്നും കോടതി ചോദിച്ചു.
വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. സിംഹങ്ങള്‍ക്ക് മറ്റെന്തെങ്കിലും പേര് നല്‍കണമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം സിംഹങ്ങള്‍ക്ക് ഈ പേരുകള്‍ നല്‍കിയത് ത്രിപുരയാണെന്ന് ബംഗാള്‍ കോടതിയെ അറിയിച്ചു.
ഇതിന്റെ രേഖകളും ഹാജരാക്കി. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍ എന്ന സിംഹത്തിന് ഒപ്പം സീത എന്ന സിംഹത്തിനെ താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചകളില്‍ എത്തിയത്.
ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാര്‍ക്ക് അധികൃതരെയും എതിര് കക്ഷികളാക്കി കല്‍ക്കട്ട ഹൈകോടതിയുടെ ജല്‍പായ്ഗുരിയിലെ സര്‍ക്യൂട്ട് ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു.
സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ നിന്ദിക്കാനാണെന്നും വി.എച്ച്.പി ആരോപിച്ചു. സിംഹങ്ങളുടെ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.