ലഖിംപൂര്‍ ഖേരി കൂട്ട കൊലപാതക കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം നേരത്തെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി പുതുതായി വാദം കേട്ട് തീരുമാനമെടുക്കണമെന്നായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്നാണ് നടപടി.
അലഹബാദ് ഹൈക്കോടതിയെ വിമര്ശിച്ചുക്കൊണ്ടാണ് ആശിഷ് മിശ്രയുടെ ജാമ്യം സുപ്രിംകോടതി നേരത്തെ റദ്ദാക്കിയത്. ഫെബ്രുവരിയില്‍ അനുവദിച്ച ജാമ്യമാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഇരകളെ കേള്‍ക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് വിലയിരുത്തിയായിരുന്നു നടപടി. കേസില്‍ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയില്‍ പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആശിഷ് മിശ്ര. ലഖിംപൂര്‍ ഖേരിയില്‍ കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ നാല് കര്‍ഷകരും, ഒരു മാധ്യമപ്രവര്‍ത്തകനും അടക്കമാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 9 നാണ് കേസില്‍ ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ആശിഷ് മിശ്രയ്ക്കെതിരെ സുപ്രിംകോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിരുന്നു.