കെജിഎഫ് സിനിമ റിലീസ് ചെയ്ത് നാളുകള്‍ ഏറെയായെങ്കിലും ഇപ്പോഴും സിനിമ ഉണ്ടാക്കിയ തരംഗം അവസാനിച്ചിട്ടില്ല. റോക്കി ഭായി ആകാന്‍ പത്തൊന്പതുകാരന് നാല് സെക്യൂരിറ്റി ജീവനക്കാരെ കൊന്ന സംഭവം ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ വീണ്ടും ഒരു വാര്‍ത്ത കൂടി പുറത്ത് വരുന്നു. റോക്കി ഭായിയോടുള്ള സ്നേഹം മൂത്ത് ഗണേശ വിഗ്രഹത്തെ തന്നെ റോക്കി ഭായിയുടെ സ്റ്റൈലിലേക്ക് മാറ്റിയിരിക്കുകയാണ്.
സിനിമയിലെ റോക്കി ഭായിയെ പോലെ തന്നെ വേഷം ധരിപ്പിച്ച് കയ്യില്‍ തോക്കുമായി നില്ക്കുന്ന ഗണേശ വിഗ്രഹമാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ പ്രവൃത്തിയെ ദൈവത്തോടുള്ള അവഹേളനമായാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും വിശേഷിപ്പിച്ചത്.
ഇത് അനാദരവ് ആണെന്നും ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ പാടില്ലായിരുന്നു എന്നുമാണ് തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ചിത്രത്തില്‍ റോക്കി ഭായി വെള്ള പിന്സ്ട്രിപ്പുള്ള സ്യൂട്ട് ധരിച്ച് ഭാരമേറിയ മെഷീന് ഗണ്ണുകൊണ്ട് ഒരു പൊലീസ് സ്റ്റേഷന് വെടിയുതിര്‍ത്ത് നശിപ്പിക്കുന്ന രംഗം ഉണ്ട്. ആ രംഗത്തിന് സമാനമായാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. വിഗ്രഹത്തിന്റെ അടിയില്‍ കെജിഎഫ് 2 എന്ന് എഴുതിയിട്ടുണ്ട്.