രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ കോൺഗ്രസിന്റെയും ലീഗിന്റെയും കൊടി ഉപയോഗിക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി .മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണെടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ പോലും കഴിവില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിപ്പോയോയെന്നും പിണറായി വിജയൻ പറയുന്നുണ്ട്.ഇന്നലെ കോൺഗ്രസിന്റെ ഉയർന്ന നേതാവ് വയനാട്ടിൽ എത്തി നാമനിർദേശ പത്രിക കൊടുത്തു. റോഡ് ഷോയും നടത്തി. പക്ഷെ ആ പരിപാടിയിൽ കോൺഗ്രസിന്റെ കൊടി ആരും കണ്ടില്ല. സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ പോലും കഴിവില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിപ്പോയോ എന്ന സംശയമാണ് ഇന്നലത്തെ ദൃശ്യങ്ങളും ഇന്നത്തെ വാർത്തകളും കണ്ടപ്പോൾ ഉയരുന്നത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണല്ലോ. അദ്ദേഹം ആ പാർട്ടിയുടെ ദേശീയ നേതാവുമാണ്. എന്നിട്ടും തൻറെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതെ പോയി. ഒരു മാധ്യമം റിപ്പോർട്ട് ചെയ്തത് “കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിൽ ഇത്തവണ ലീഗിൻറെ പതാകയും കോൺഗ്രസിൻറെ പതാകയും ഒഴിവാക്കിയാണ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്തത്.” എന്നാണ്. എന്ത് കൊണ്ടാണ് ഈ ഭീരുത്വം? മുസ്ലിം ലീഗിൻറെ വോട്ട് വേണം പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണെടുക്കുന്നത്? ലീഗ് പതാക ലോകത്തെ കാണിക്കുന്നതിൽ നിന്ന് ഒളിച്ചോടാൻ സ്വന്തം കൊടിക്കു പോലും അയിത്തം കൽപ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ് എന്തുകൊണ്ട് താണ് പോയെന്നും പിണറായി വിജയൻ ചോദിച്ചു.