ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സി അണിയാനാകില്ല. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജേഴ്സി അണിയാനാകുക. പോയിന്റ് പട്ടികയില്‍ മുന്നിട്ട് നില്ക്കുന്നതിനാല് ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജേഴ്സി ധരിക്കാം.
കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ അവരെയാണ് ഹോം ടീമായി കണക്കാക്കുന്നത്. ബ്ലാസ്റ്റേഴ്സ് എവേ ജേഴ്സി അണിഞ്ഞുവേണം കളത്തിലിറങ്ങാന്‍.
ഗോവയിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്.കറുപ്പില്‍ നീലവരകളുള്ള ജേഴ്സി ധരിച്ചാകും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക. ഈ സീസണില്‍ രണ്ട് തവണ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഏറ്റുമുട്ടിയിരുന്നു. ഒരു തവണ കേരളവും ഒരു തവണ ഹൈദരാബാദും മഞ്ഞ ജേഴ്സി അണിഞ്ഞിരുന്നു.
അതേസമയം ഐ.എസ്.എല്‍ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്ന് ഉറപ്പായി. കന്നിക്കിരീടമാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും ലക്ഷ്യമിടുന്നത്. തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഗോവയില്‍ കളമൊരുങ്ങന്നത്. ഇതാദ്യമായാണ് ഹൈദരാബാദ് ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ആദ്യ സെമിയില്‍ ജംഷഡ്പൂരിനെ തോല്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. ഇത് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണ്. സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ടീമാണ് ഹൈദരാബാദ് എഫി. മാത്രമല്ല സീസണില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും ഹൈദരാബാദാണ്.