ഇന്ത്യയുടെ മുന്‍നിര താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍ എന്നിവരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ്. മൂന്ന് പേരും വിശ്വസ്തരല്ലെന്ന് കപില്‍ ദേവ് പറഞ്ഞു. ടി20 ക്രിക്കറ്റില്‍ പേടിയില്ലാതെ കളിക്കണം. എന്നാല്‍ മൂന്ന് പേരും റണ്‍സ് ആവശ്യമായ സമയത്ത് വിക്കറ്റ് കളയുന്നവരാണ്. മൂവരും ക്രിക്കറ്റില്‍ വലിയ പേരുണ്ട്. എന്നാല്‍ റണ്‍സുയര്‍ത്തേണ്ട സമയത്ത് വിക്കറ്റ് കളയുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ടീമിന് അധിക സമ്മര്‍ദ്ദം നല്‍കുമെന്നും കപില്‍ നിരീക്ഷിച്ചു.
രാഹുലിന് സ്ഥിരതയുണ്ടെന്ന് പറയുന്നത് ശരിയാണ്. എന്നാല്‍ ടി20 മത്സരത്തില്‍ മുഴുവന്‍ ബാറ്റ് ചെയ്ത് 60 റണ്‍സുമായി മടങ്ങിവരുന്നതിനോട് യോജിക്കാനാവില്ല. ആ സമീപനം മാറണം. അതിന് പറ്റിയില്ലെങ്കില്‍ പകരക്കാരെ കൊണ്ടുവരണം. മികച്ച പ്രകടനം നടത്തുകയാണ് വലിയ താരങ്ങള്‍ ചെയ്യേണ്ടത്. മത്സരഫലത്തില്‍ എന്ത് സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് ലോകം അന്വേഷിക്കുന്നതെന്നും അദ്ദേഹം കപില്‍ പറഞ്ഞു.
ഓസ്ട്രേലിയ വേദിയാകുന്ന ലോകകപ്പില്‍ പരിചയസമ്പന്നരായ താരങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷ. പേസും ബൗണ്‍സുമുള്ള പിച്ചില്‍ അവര്‍ക്കേ തിളങ്ങാന്‍ കഴിയൂവെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സമീപകാലത്ത് രോഹിത്തും കോലിയും പുറത്തെടുക്കുന്ന പ്രകടനം ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.