മലയാളികൾക്ക് സുപരിചിതമാണ് ജാസ്മിൻ.ബിഗ് ബോസ് സീസണ് 6 ആദ്യ ആഴ്ചകളില്‍ തന്നെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന് ജാഫര്‍. ലൈഫ് സ്റ്റോറി സെഗ്മെന്റില്‍ തന്റെ ജീവിത കഥ തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍ ജാസ്മിന്.മദ്യപാനം മാത്രമല്ല ജീവിതം തകര്‍ക്കുന്നത്, ഷീട്ട് കളിയും തകര്‍ക്കും എന്നാണ് ജാസ്മിന് തന്റെ ജീവിതം കൊണ്ട് പറയാന്‍ ശ്രമിക്കുന്നത്. മീന്‍ കച്ചവടമായിരുന്നു വാപ്പയ്ക്ക്. എന്നാലും പത്താം ക്ലാസ് വരെ നല്ല ആഷ് പോഷ് ലൈഫ് ആയിരുന്നു. സിബിഎസ്ഇ ആണ് പഠിച്ചതൊക്കെ. എന്നാല്‍ വാപ്പയുടെ ഷീട്ട് കളി എല്ലാം തകര്‍ത്തു. അന്‍പത് ലക്ഷം രൂപയോളം കടമുണ്ടായിരുന്നു. വീടിന്റെ വാതില്‍ തുറന്നാല്‍ കടക്കാരെ കൊണ്ടുള്ള ബഹളം. എന്തൊക്കെ പറഞ്ഞാലും ഉമ്മയെക്കാള്‍ എനിക്കടുപ്പം വാപ്പയോട് തന്നെയായിരുന്നു. പ്ലസ് ടുവിന് എല്ലാം നല്ല മാര്‍ക്കോടു കൂടെ തന്നെയാണ് പാസായത്. മെറിറ്റില്‍ കോളേജ് അഡ്മിഷനും കിട്ടി. പക്ഷെ ബസ് യാത്രയ്ക്കുള്ള കാശില്ലാത്തത് കൊണ്ട് തന്നെ പഠനം ഒരു വര്‍ഷം നീണ്ടു പോയിരുന്നു. കൂട്ടുകാരികള്‍ ഭക്ഷണം തന്ന അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്.
എങ്ങനെയെങ്കിലും കുടുംബം രക്ഷപ്പെടുത്തണം എന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെ യൂട്യൂബ് ചാനല്‍ തുടങ്ങി, ചെറിയ വരുമാനമൊക്കെ അതില്‍ നിന്ന് വരാനും തുടങ്ങി. അങ്ങനെ വാപ്പയുടെ കടങ്ങള്‍ എല്ലാം ഞാന്‍ തീര്‍ത്തു. ഒന്നുമില്ലാതിരുന്ന വീട് മോടിപിടിപ്പിച്ചു. വീട്ടുകാര്‍ക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ് ഞാന്‍. എനിക്കൊരു നിക്കര്‍ പോലും വാങ്ങുമായിരുന്നില്ല, എല്ലാം അവര്‍ക്ക് വേണ്ടിയാണ്. ആ സമയത്താണ് ജീവിതത്തിലേക്ക് മറ്റൊരാള്‍ വരുന്നത്. എന്റെ കല്യാണം ഉറപ്പിച്ചു.അദ്ദേഹത്തെ കുറിച്ച് എനിക്ക് പറയാതെ വയ്യ, ഞാന്‍ എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്നത് കണ്ട് എന്നെ കൂട്ടിക്കൊണ്ടു പോയി ഇരുപത്തിമൂവ്വായിരം ഉറുപ്പികയുടെ ഡ്രസ്സൊക്കെ വാങ്ങി തന്നിരുന്നു. എന്റെ എയര്‍ഹോസ്റ്റസിന് പഠിക്കാന്‍ വിട്ടു. പക്ഷെ ഒരു ഘട്ടം എത്തിയപ്പോള്‍ കല്യാണം മുടങ്ങിപ്പോയി. അവരുടെ ഭാഗത്ത് നിന്നുള്ള പ്രശ്നമായിരുന്നു. അത് എന്നെ മാനസികമായി വല്ലാതെ തളര്‍ത്തി.
ആ സമയത്താണ് വാപ്പയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നത്. ഒരുപാട് ബ്ലോക്കുണ്ട്. അതിലൊന്ന് സിവിയര്‍ ആയിരുന്നു. ആ ബ്ലോക്ക് നീക്കി. കാശൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ കഷ്ടപ്പെട്ട് വാപ്പയയുടെ ചികിത്സയൊക്കെ നടത്തി. മീന്‍ കച്ചവടത്തിന് വേണ്ടി താന്‍ ഇറങ്ങി തിരിച്ചതിനെ കുറിച്ച് ജാസ്മിന് പറയുമ്പോഴേക്കും ബസര്‍ അടിച്ചു, കഥ നിര്തുകയായിരുന്നു.