സ്വവര്‍ഗാനുരാഗികളായ യുവതികള്‍ വിവാഹിതരായി. ബംഗ്ലാദേശിയായ ടീന ദാസും ഇന്ത്യന്‍ വംശജയായ സുബിക്ഷ സുബ്രഹ്മണിയുമാണ് വിവാഹിതരായത്. കാനഡയില്‍ താമസിക്കുന്ന ഇരുവരും തമിഴ്നാട്ടിലാണ് വിവാഹിതരായത്.
കാനഡയിലെ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് സുബിക്ഷയും ടീനയും കണ്ടുമുട്ടിയത്. വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് 6 വര്‍ഷം ഇരുവരും ഒരുമിച്ചായിരുന്നു. തന്റെ വിവാഹം ഇന്ത്യന്‍ ആചാര പ്രകാരം ഇന്ത്യയില്‍ വച്ചുതന്നെ നടക്കണമെന്ന് സുബിക്ഷ ആഗ്രഹിച്ചിരുന്നു. തുടര്‍ന്നാണ് ജന്മനാട്ടില് വിവാഹം നടത്താന്‍ തീരുമാനിച്ചത്. വിവാഹത്തിനായി ഇന്ത്യയിലേക്ക് തിരിച്ച സുബിക്ഷയുടെ അച്ഛനും അമ്മയും, സ്വവര്‍ഗവിവാഹം നടക്കുന്നതില്‍ പ്രതിഷേധം ഉണ്ടാകുമോ എന്ന് ഭയന്നിരുന്നു. എന്നാല്‍ എല്ലാം ശുഭമായി തന്നെ അവസാനിച്ചു. എല്‍ജിബിടിക്യുപ്ലസ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള സംസ്കൃത പണ്ഡിതനാണ് കല്യാണം നടത്തിയ പുരോഹിതന്.
ഒരു യാഥാസ്ഥിതിക ബംഗ്ലാദേശി സമൂഹത്തില്‍ നിന്ന് വരുന്ന ആളാണ് ടീന. ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് തന്റെ പത്തൊന്‍പതാം വയസില്‍ ടീന ഒരു പുരുഷനെ വിവാഹം കഴിച്ചു. ദാമ്പത്യജീവിതത്തില്‍ എന്തോ നഷ്ടമായത് പോലെ തോന്നിയെങ്കിലും തന്റെ സ്വകാര്യ സന്തോഷം ഉപേക്ഷിച്ചാണ് ആ വിവാഹ ജീവിതത്തില്‍ അവള് മുന്നോട്ട് പോയത്. പിന്നെ, ഒരു കുട്ടി ഉണ്ടായാല്‍ കാര്യങ്ങള്‍ മാറുമെന്ന ഉപദേശവുമായി വീണ്ടും രക്ഷിതാക്കളെത്തി. എന്നാല്‍ ഗര്‍ഭിണിയാകാന്‍ ചികിത്സ നടത്തേണ്ടി വന്നു. ഇതോടെ അവള് തന്റെ സ്വത്വം തിരിച്ചറിയികുകയായിരുന്നു. എന്നാല്‍ സുബിക്ഷയ്ക്ക് കാര്യങ്ങള്‍ കുറച്ചൂടെ എളുപ്പമായിരുന്നു. ഒരു കൗണ്‍സിലറുടെ സഹായത്തോടെ അവള് എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെക്കുറിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്തി. കാര്യങ്ങള്‍ മനസിലാക്കിയ മാതാപിതാക്കള്‍ മകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു.