മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ എം വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അക്കാന്‍ഗിര്‍സ്ക് നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നിന്നാണ് ഐ.എം വിജയന് ഡോക്ടറേറ്റ് ലഭിച്ചത്. കായിക മേഖലക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഐ.എം വിജയനെ ഡോക്ടറേറ്റ് നല്കി ആദരിച്ചത്.
മലപ്പുറം എം എസ് പിയില്‍ സ്ഥാപിക്കുന്ന പൊലീസ് ഫുട്ബോള്‍ അക്കാദമിയുടെ നിയുക്ത ഡയറക്ടറാണ് ഐ. എം വിജയന്. കേരള പൊലീസില്‍ ചേര്‍ന്ന ശേഷമാണ് ഐ.എം വിജയന് സംസ്ഥാനത്തെ അറിയപ്പെടുന്ന ഫുട്ബോള്‍ കളിക്കാരനായി വളര്‍ന്നത്. തുടര്‍ന്ന് കൊല്‍ക്കത്ത ക്ലബ്ബുകളിലേക്ക് ചേക്കേറിയതോടെ ഐ.എം വിജയന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
മോഹന്‍ ബഗാന്, ഈസ്റ്റ് ബെംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ്, എഫ് സി കൊച്ചിന് എന്നീ ക്ലബുകള്‍ക്കു വേണ്ടി ബൂട്ടുകെട്ടിയ വിജയന് 250 ഗോളുകള്‍ അടിച്ചു. ഇന്ത്യക്കായി 79 കളികളില്‍ നിന്നായി 39 ഗോളുകളും നേടി. 2003-ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചു.