ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിച്ച ലോകകപ്പ് ടീമുകളില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത്. വിരാട് കോലിയുടെ നായകത്വത്തിന് കീഴില്‍ താന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടിയേനെ എന്നാണ് ശ്രീശാന്ത് പറഞ്ഞത്. ഓഡിയോ ചാറ്റ് റൂമായ ക്രിക് ചാറ്റിലാണ് ശ്രീശാന്തിന്റെ പ്രസ്താവന.
സഞ്ജു സാംസണും സച്ചിന് ബേബിയും അടക്കം താന്‍ വഴികാട്ടിയവരെല്ലാം ക്രിക്കറ്റ് ലോകത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടിയതിന് ശേഷം വികാരാധീനനായി സച്ചിന് ടെണ്ടുല്‍ക്കറിനൊപ്പം നിന്നതും ശ്രീശാന്ത് അനുസ്മരിച്ചു. ആ ലോകകപ്പ് സച്ചിന് ടെണ്ടുല്ക്കറിനായാണ് തങ്ങള്‍ നേടിക്കൊടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചിലാണ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
2019 ഏകദിന ലോകകപ്പിലും 2021 ടി20 ലോകകപ്പിലുമാണ് കോലി ഇന്ത്യയെ നയിച്ചത്. 2019 ല്‍ നടന്ന മത്സരത്തില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി. 2021 ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടീം പുറത്തായിരുന്നു.