എയ്ഡ്സ് രോഗം പടര്‍ത്താനായി ബന്ധുവായ ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് സംഭവം. എച്ച്ഐവി രോഗബാധിതയായ 23കാരിയാണ് കൗമാരക്കാരനെ പീഡിപ്പിച്ചത്. കുടുംബം നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
മാര്‍ച്ച് മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എയ്ഡ്സ് ബാധിച്ചാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. യുവതിക്കും എയ്ഡ്സ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് യുവതി യുപിയിലെ പിലിഭിത്തിലെ സ്വന്തം വീട്ടിലേക്ക് താമസം മാറി.
ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിന് എത്തിയ ബന്ധുവായ 15കാരനെ യുവതി നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്റെ സഹോദരന്റെ മകനാണ് ഇരയായ കുട്ടി. ഹോളിക്ക് തലേ ദിവസമാണ് കുട്ടി ആദ്യം പീഡനത്തിനിരയായത്. പിന്നീട് നിരന്തരം പീഡിപ്പിച്ചു. കുട്ടി സ്വന്തം വീട്ടിലേക്ക് പോകും വരെ പീഡനം തുടര്‍ന്നു. കുട്ടിക്ക് എയ്ഡ്സ് പടര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി 15കാരനെ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.