ഐപിഎല്‍ ടൂര്‍ണമെന്റിനിടെ എതിര് ടീമിലുണ്ടായിരുന്ന മലയാളി താരം ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പ് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജയന് സിംഗ്. തന്റെ നടപടി സഹതാരത്തെ നാണക്കേടിലാക്കി. ആ സംഭവത്തില്‍ താനും നാണം കെട്ടു. തനിക്ക് തെറ്റുപറ്റിയെന്നും ഹര്ഭജന് സിംഗ് പറഞ്ഞു. ടിലാക്കിയെന്നും താനും നാണം കെട്ടുവെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഹര്ഭജന് പറഞ്ഞു.
ഗ്ലാന്‍സ് ലൈവ് ഫെസ്റ്റില്‍ ശ്രീശാന്തുമൊത്തുള്ള സംഭാഷണത്തിലാണ് ഹര്ഭജന് സിംഗ് തെറ്റ് തുറന്നുപറഞ്ഞത്. സ്ലാപ് ഗേറ്റ് സംഭവത്തില്‍ ശ്രീശാന്തിനെതിരെ ചെയ്ത കാര്യമാണ് തനിക്ക് തിരുത്താനുള്ളത്. അതൊരിക്കലും സംഭവിക്കരുതായിരുന്നു. പിന്നീട് ചിന്തിച്ചപ്പോള്‍ അക്കാര്യം ചെയ്യേണ്ടിയിരുന്നില്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ഹര്ഭജന് പറഞ്ഞു. അതേസമയം, ഈ വിവാദം മുമ്പ് സച്ചിന് തെണ്ടുല്‍ക്കറുടെ നിര്‍ദേശപ്രകാരം നടത്തിയ വിരുന്നില്‍ സംസാരിച്ച് തീര്‍ത്തിരുന്നുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഹര്‍ഭജനെതിരെ നടപടി സ്വീകരിക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും ശ്രീശാന്ത് വ്യക്തമാക്കി.
2008 ഏപ്രില്‍ 25ന് ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബ്-മുംബൈ ഇന്ത്യന്‍സ് മത്സരശേഷമാണ് സംഭവം നടന്നത്. ശ്രീശാന്ത് കളിച്ച പഞ്ചാബ് ടീമാണ് മത്സരത്തില്‍ ജയിച്ചിരുന്നത്. കളിക്കിടെ ഹര്ഭജന് നേരെ ശ്രീശാന്തിന്റെ ഭാഗത്തുനിന്ന് പലതരത്തില്‍ പ്രകോപനമുണ്ടായിരുന്നു. ഇതാണ് ഹര്‍ഭജനെ ചൊടിപ്പിച്ചത്. കളിക്ക് ശേഷം ഹര്ഭജന് ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഹര്ഭജന് 11 മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.