പരോളിലിറങ്ങിയ ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കും. ഗുര്‍മീതിന് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്കാന് തീരുമാനിച്ചത്.
പത്രപ്രവര്ത്തകന് രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകം, രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തു എന്നീ കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച പ്രതിയാണ് ഗുര്‍മീത് റാം റഹീം. ജയിലില്‍ ആയിരുന്ന ഗുര്‍മീത് ഈ മാസം ഏഴിനാണ് പരോളില്‍ പുറത്തിറങ്ങിയത്. പരോളിലിറങ്ങിയ ഗുര്‍മീതിന് ഖാലിസ്ഥാന്‍വാദികളുടെ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിയാന സര്‍ക്കാരാണ് ഗുര്‍മീതിന് സുരക്ഷ നല്കാന് തീരുമാനിച്ചത്.
എക്സ്, വൈ, വൈ പ്ലസ്, ഇസഡ്, ഇസഡ് പ്ലസ് എന്നീ സുരക്ഷകളാണ് രാജ്യത്ത് നല്‍കുന്നത്. ഇതിനു പുറമേ എസ്പിജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) പരിരക്ഷയുമുണ്ട്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഈ സുരക്ഷ നല്‍കുന്നത്.