പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സുരേഷ് ഗോപി ചിത്രം പാപ്പന്. അച്ഛനും മകനും ഒന്നിച്ച് എത്തിയപ്പോള്‍ സിനിമ അടിപൊളിയായിട്ടുണ്ട് എന്നാണ് കണ്ടവര്‍ പറഞ്ഞത്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജൂലൈ 29നാണ് സിനിമ റിലീസ് ചെയ്തത്. ഇപ്പോഴിതാ മികച്ച പ്രതികരണം നേടി സിനിമ മുന്നേറുന്നതിനിടെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവെച്ചിരിക്കുകയാണ് ഗോകുല്‍ സുരേഷ്. പുത്തന്‍ വണ്ടി സ്വന്തമാക്കിയിരിക്കുകയാണ് ഈ താരപുത്രന്. നേരത്തെ മഹീന്ദ്രയുടെ ഥാര്‍ ഗോകുല്‍ വാങ്ങിയിരുന്നു. എക്സ്യുവി 700 ആണ് ഗോകുല്‍ ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്.
എക്സ്യുവി 700 എഎക്സ് 7 ഓള്‍വീല്‍ ഡ്രൈവ് 7 സീറ്റ് മോഡലിന്റെ എക്സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എത്തുന്ന ഈ വാഹനത്തില്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്. എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 200 ബിഎച്ച്പി കരുത്തും 380 എന്‍എം വരെ ടോര്‍ക്കുമാണ് സൃഷ്ടിക്കുക. 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്ജിന് 182 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്.
ഗോകുലിന് വണ്ടിയോടുള്ള ഇഷ്ടം പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ മനസിലായതാണ്. മുമ്പ് മഹീന്ദ്രയുടെ ഥാര്‍ താരം വാങ്ങിച്ചിരുന്നു. അതേസമയം ഗോകുലും സുരേഷ് ഗോപിയും ആദ്യമായി സ്ക്രീനില്‍ ഒന്നിച്ചെത്തിയ ചിത്രമാണ് പാപ്പന്. ഇതിനോടകം 40 കോടിയിലേറെ കളക്ഷന്‍ ബോക്സ് ഓഫീസില്‍ നിന്നും പാപ്പന് നേടി കഴിഞ്ഞു.
കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ പാപ്പന് 18 കോടിയോളം രൂപ നേടിയിരുന്നു. ഇതോടെ സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി പാപ്പന് മാറിക്കഴിഞ്ഞു. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ പാപ്പനില്‍ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറഞ്ഞു.