ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ റിഷഭ് പന്തിന്റെ പ്രകടനമായിരുന്നു ഇന്ത്യയെ തോല്‍വിയുടെ വക്കില്‍ നിന്ന് വിജയത്തിലെത്തിച്ചത്. സമ്മര്‍ദങ്ങളേതുമില്ലാതെ ബാറ്റ് വീശിയ പന്ത് ഹര്‍ദിക് പാണ്ഡ്യക്കൊപ്പം ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
ഏകദിനത്തില്‍ പന്തിന്റെ കന്നി സെഞ്ച്വറിയായിരുന്നു ഇംഗ്ലണ്ടിനെതിരെ നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പന്ത് ഡേവിഡ് വില്ലിയുടെ ഒരോവറില്‍ തുടരെ അഞ്ച് ഫോറടിച്ചിരുന്നു. അവസാന പന്തില്‍ കൂറ്റനടിക്ക് മുതിരാതിരുന്ന പന്ത് ഒരു സിംഗിള്‍ ആണ് നേടിയത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്. താനായിരുന്നു അപ്പോള്‍ ക്രീസിലെങ്കില്‍ അവസാന പന്തിലും സിക്സോ ഫോറോ പറത്തിയേനെ എന്നാണ് സെവാഗ് പറഞ്ഞത്.
നമ്മളേവരും എന്നെങ്കിലും പന്ത് അത്തരമൊരു ഇന്നിങ്സ് കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സെവാഗ് പറഞ്ഞു. പന്തിന്റേത് ഗംഭീര പ്രകടനമായിരുന്നു എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. 113 പന്തില്‍ നിന്ന് 125 റണ്‍സെടുത്ത പന്ത് മത്സരത്തില്‍ പുറത്തായിരുന്നില്ല. നാല് മുന്‍നിര ബാറ്റര്‍മാര്‍ പുറത്തായ ശേഷമാണ് പന്തിന്റെ ഇന്നിംഗ്സ് എന്നത് അയാളുടെ പ്രകടനത്തിന്റെ മൂല്യമേറ്റുന്നു എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.