പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ വനംവച്ചര് സുനില്‍ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ് വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വച്ചറായിരുന്ന സുനില്‍കുമാറിനെയാണ് കൂറുമാറിയതോടെ പിരിച്ചുവിട്ടത്.
മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്നതും കള്ളന് എന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടുവെന്നായിരുന്നു സുനില്‍കുമാര്‍ ആദ്യം പൊലീസിന് നല്കിയ മൊഴി. ഇത് പിന്നീട് ഇയാള്‍ തിരുത്തി. ഇതോടെയാണ് സുനില്‍ കുമാറിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
കേസിലെ 29-ാം സാക്ഷിയായിരുന്നു സുനില്‍ കുമാര്‍. സുനില്‍ കുമാര്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രോസിക്യൂഷന് ആവശ്യപ്രകാരം സംഭവ ദിവസത്തെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്ന വഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തനിക്ക് കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു സുനില്‍കുമാര്‍ പറഞ്ഞത്. സുനില്‍ ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായി നില്ക്കുന്നതും വിഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കോടതിയില്‍ വിഡിയോ പ്രദര്‍ശിപ്പിച്ചപ്പോള്‍ തനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്കി. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു നേത്ര പരിശോധന. ഫലം നാളെ കോടതിയില്‍ ഹാജരാക്കും. സുനില്‍കുമാറിനോട് നാളെ ഹാജരാകാനും വിചാരണക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.