പിതാവ് വീണ്ടും വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ മകന്‍ വീട് അടിച്ചു തകര്‍ത്തു; സംഭവം കാട്ടാക്കടയില്‍

പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ മകന്‍ വീട് അടിച്ചുതകര്‍ത്തതായി പരാതി. കാട്ടാക്കട സ്വദേശി മനോഹരനാണ് മകന്‍ സനല്‍കുമാറിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. സനല്‍കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് മനോഹരന്‍ പരാതിയില്‍ പറയുന്നു.

വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടക്കം അക്രമി സംഘം അടിച്ചു തകര്‍ത്തു. 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും ആരോപണമുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകന്‍ ആക്രമണം നടത്തിയതെന്നാണ് മനോഹരന്‍ പറയുന്നത്.

ഭാര്യ മരിച്ചതിന് ശേഷം മനോഹരന്‍ ഒറ്റയ്ക്കാണ് താമസം. മകനും മകള്‍ക്കും പാരമ്പര്യമായി നല്‍കാനുള്ള സ്വത്തുക്കളെല്ലാം നേരത്തെ വീതിച്ചുനല്‍കിയിരുന്നു. നിലവില്‍ താമസിക്കുന്ന വീടും സ്ഥലവും താന്‍ ഒറ്റയ്ക്ക് അധ്വാനിച്ചുണ്ടാക്കിയതാണെന്നാണ് മനോഹരന്‍ പറയുന്നത്. ഭാര്യ മരിച്ചതോടെ തന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരുമില്ലെന്നും അതിനാലാണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതെന്നും മനോഹരന്‍ പറഞ്ഞു. ഇതാണ് ആക്രമണത്തിന് കാരണമെന്നും മനോഹരന്‍ പറയുന്നു.