പോപ്പുലര്‍ ഫ്രണ്ട് നിരോധനം; ജില്ലാ പൊലീസ് മേധാവികളുടെ യോഗം വിളിച്ച് ഡിജിപി

പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കായി ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്. ഓണ്‍ലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്. നിരോധനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ ഇനിയുള്ള നടപടികള്‍ വിശദീകരിക്കാനാണ് യോഗം.

തിരുവനന്തപുരത്ത് ജില്ലാ കളക്ടര്‍മാരുടേയും വകുപ്പ് മേധാവികളുടേയും യോഗവും നടക്കുന്നുണ്ട്. ഇതില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി വിജയ് സാക്കറെ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ഇതിനിടെയാണ് ഡിജിപിയും യോഗം വിളിച്ചത്. എന്നാല്‍ കളക്ടമാരുടെ യോഗത്തിലെ ഒരു സെഷനില്‍ ഡിജിപിക്ക് പങ്കെടുക്കാനുള്ളതിനാല്‍ ഇത് കഴിഞ്ഞായിരിക്കും ഓണ്‍ലൈന്‍ യോഗം നടക്കുക.

ഇന്നലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. യുഎപിഎ വകുപ്പ് മൂന്ന് പ്രകാരമാണ് നിരോധനം. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. കാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യാ ഇമാംമ്‌സ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങളാണ് നിരോധനത്തിനുള്ള മറ്റൊരു കാരണമായി കേന്ദ്ര അഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് ഐ.എസ്, ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്.