ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കെട്ടിത്തൂക്കി. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെയാണ് പതിനേഴും പതിനഞ്ചും വയസായ പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തിന് ഇരയായ സഹോദരികള്‍ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ പ്രതികള്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ ഇവരുവരെയും കെട്ടി തൂക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് പേര് ചേര്‍ന്ന് പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. പ്രതികളെല്ലാവരും പ്രദേശവാസികളാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇതിലൊരാളെ എന്‍കൗണ്ടറിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ പരാതിയിലാണ് കേസ് അന്വേഷണം നടത്തുന്നത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ശരീരത്തില്‍ പ്രത്യക്ഷത്തില്‍ മുറിവുകളൊന്നുമില്ലെന്ന് ലഖ്നൗ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ലക്ഷ്മി സിംഗ് പറഞ്ഞു. വിദഗ്ധ സമിതിയാണ് പോസ്റ്റ്മോര്‍ട്ടം നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.