കേരളത്തിലെ ആദ്യ ലെസ്ബിയന്‍ ട്രാന്‍സ് ജോഡികളായി ദയ ഗായത്രിയും ശ്രുതി സിത്താരയും. വൈക്കം സ്വദേശിനിയായ ശ്രുതി സിത്താര മിസ് ട്രാന്‍സ് ഗ്ലോബല്‍ പട്ടം നേടിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയാണ് ദയ ഗായത്രി. സൗഹൃദത്തില്‍ നിന്ന് പ്രണയത്തിന്റെ വഴിയിലേക്കെത്തിയവരാണ് രണ്ട് പേരും. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഫേസ്ബുക്കിലൂടെ ശ്രുതി സിത്താരയാണ് പങ്കുവച്ചത്. നിരവധി പേര് ഇരുവര്‍ക്കും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
പരസ്പരം പങ്കുവച്ച ഇഷ്ടങ്ങളുടെ ആകെത്തുകയാണ് ഈ കൂടിച്ചേരലെന്നാണ് ദയ ഗായത്രി പറയുന്നത്. തന്റെ പ്രണയ നഷ്ടത്തില്‍ കരുതലും തണലുമായി നിന്ന ആളാണ് ശ്രുതി. ആ സ്നേഹവും കരുതലുമാണ് തങ്ങളെ അടുപ്പിച്ചത്. രണ്ട് വര്‍ഷത്തോളമായി സൗഹൃദത്തിലാണ്. അത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയാണ്. കുറച്ചു ദിവസങ്ങളായി ലിവിംഗ് ടുഗെദറിലാണെന്നും വിവാഹത്തെ പറ്റി ഇപ്പോള്‍ പറയുന്നില്ലെന്നും ദയ പറയുന്നു.
ഒരു പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ഒന്നിച്ചു പോകാന്‍ തീരുമാനിച്ചതെന്ന് ശ്രുതി സിത്താര പറയുന്നു. തങ്ങള്‍ക്ക് തങ്ങളുടെ ജീവിതമാണ് വലുത്. അവിടെ പുറത്തുനിന്നുള്ളവര്‍ക്ക് സ്ഥാനമില്ല. പരിഹസിക്കുന്നവര്‍ക്ക് പരിഹസിക്കാം. വിമര്‍ശകരുടെ വായ മൂടികെട്ടാനാകില്ലെന്നും ശ്രുതി പറഞ്ഞു.