മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വേണ്ടെന്ന് ഒരു ജര്‍മന്‍ ക്ലബ്ബ് കൂടി. ബൊറുഷ്യ ഡോട്മുണ്ടാണ് റൊണാള്‍ഡോയെ വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് ഡോട്മുണ്ടുമായി ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും 37-കാരനായ താരത്തിന്റെ പ്രായവും ഉയര്‍ന്ന ശമ്പളവും ജര്‍മന്‍ ക്ലബ്ബിനെ പിന്തിരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, ഈ സീസണില്‍ താരം മാഞ്ചസ്റ്ററില്‍ തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് വിട്ട് മാഞ്ചസ്റ്ററിലെത്തിയ ക്രിസ്റ്റ്യാനോ കഴിഞ്ഞ സീസണിനു ശേഷം ക്ലബ്ബ് മാറാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ സീസണ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്ത യുനൈറ്റഡിന് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ കഴിയില്ലെന്നതായിരുന്നു ഇതിന് കാരണം. ബയേണ്‍ മ്യൂണിക്ക്, പി.എസ്.ജി, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, അത്ലറ്റികോ മാഡ്രിഡ്, എ.സി മിലാന്, ഇന്റര്‍ മിലാന് തുടങ്ങിയ ക്ലബ്ബുകളുമായി താരത്തിന്റെ ഏജന്റ് ചര്‍ച്ച നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള അവസാന ശ്രമമെന്ന നിലയ്ക്ക് ക്രിസ്റ്റ്യാനോയുടെ ഏജന്റ് ഡോട്മുണ്ടിനെ സമീപിച്ച കാര്യം ജര്‍മന്‍ മാധ്യമം ‘ബില്‍ഡ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പോര്‍ച്ചുഗീസ് താരം ആവശ്യപ്പെടുന്ന ശമ്പളം നല്‍കാനാവില്ലെന്ന് ഡോട്മുണ്ട് മാനേജ്മെന്റ് നിലപാടെടുത്തെങ്കിലും കോച്ച് എഡിന് ടെര്‍സിച്ച് അനുകൂലമായി പ്രതികരിച്ചത് ട്രാന്‍സ്ഫര്‍ സാധ്യത ശക്തമാക്കിയിരുന്നു. അസുഖ ബാധിതനായ സ്ട്രൈക്കര്‍ സെബാസ്റ്റ്യന്‍ ഹാളര്‍ക്കു പകരക്കാരനായാണ് ടെര്‍സിച്ച് ക്രിസ്റ്റ്യാനോയെ കണ്ടിരുന്നത്. എന്നാല്‍, താരത്തെ സ്വന്തമാക്കേണ്ടതില്ലെന്ന് ഡോട്മുണ്ട് തീരുമാനിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.