മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ഭാര്യ രേണു രാജിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയ ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത്. നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സി.പി.ഐ. എമ്മിന്റെ ശൈലി മാറിയെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. നടപടി പിന്‍വലിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ആരോപിച്ചു. ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈയാഴ്ച അവസാനമായിരിക്കും ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ ജില്ലാ കലക്ടറായി ചാര്‍ജ് എടുക്കുക.
2019ലാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. മദ്യപിച്ചായിരുന്നു ശ്രീറാം വെങ്കിട്ടരാമന് വാഹനം ഓടിച്ചത്. സംഭവത്തിന് ശേഷം ശ്രീറാമിനെ രക്ഷിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തിന് ശേഷം സസ്പെന്‍ഡ് ചെയ്ത ശ്രീറാമിനെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.